തൃശൂർ: കൈപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. ബസിനും ഡിവൈഡറിനും ഇടയിൽ കുടുങ്ങിയ തൊഴിലാളിയെ നാട്ടുകാർ ബസ് തകർത്താണ് പുറത്തെടുത്തത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകുന്നേരം ഏഴിന് കൈപ്പറമ്പ് ബാറിന് സമീപമായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന അതിഥിത്തൊഴിലാളിയെ തൃശൂരിൽനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വീലുകൾ ജാമായെന്നും വാഹനം മുന്നോട്ടു നീക്കാൻ കഴിയാതെ വന്നു.
ഇതിനിടെ തൊഴിലാളി ബസിനും ഡിവൈഡറിനും ഇടയിൽ കുടുങ്ങുകയായിരുന്നു. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലിസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പേരാമംഗലം പൊലിസ് കേസെടുത്തു.